സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എയില്‍ ബംഗാളിന് തുടര്‍ച്ചയായ മൂന്നാം ജയം. നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ ഇന്നലെ 1-0ന് രാജസ്ഥാനെ കീഴടക്കി. 89-ാം മിനിറ്റില്‍ സത്യന് ബാനര്‍ജിയുടെ വകയായിരുന്നു ബംഗാളിന്റെ വിജയഗോള്‍. ഇതോടെ ബംഗാള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി.
ഗ്രൂപ്പ് എയിലെ മറ്റു മത്സരങ്ങളില്‍ തമിഴ്നാട് 3-0ന് നാഗാലാന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ആതിഥേയരായ ആസാം ഉത്തരാഖണ്ഡുമായി 1-1 സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പത് പോയിന്റുമായി ബംഗാള്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ആറ് പോയിന്റ് വീതവുമായി രാജസ്ഥാനും തമിഴ്നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കേരളം നാളെ ഇറങ്ങും
സന്തോഷ് ട്രോഫിയില്‍ ഇന്നു മത്സരങ്ങള്‍ ഇല്ല. ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന കേരളത്തിന്റെ അടക്കമുള്ള ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ നാളത്തേക്കു മാറ്റി. ഒഡീഷയാണ് നാളെ കേരളത്തിന്റെ എതിരാളികള്‍. ഉച്ചകഴിഞ്ഞ് രണ്ടിന് കേരളം x ഒഡീഷ മത്സരം. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ റെയില്‍വേസ് പഞ്ചാബിനെ നേരിടും. മേഘാലയയും സര്‍വീസസും തമ്മിലാണ് നാളത്തെ മറ്റൊരു മത്സരം.